ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
18-19 നൂറ്റാണ്ടുകളില്‍ തൃക്കടീരി പ്രദേശം തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലായിരുന്നു. ഇന്നും ഈ ദേവസ്വത്തിന്റെ കീഴിലാണ് തൃക്കടീരിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ മൂന്നുമൂര്‍ത്തിയമ്പലം. തൃക്കൊടുവേലി ദേവസ്വത്തിന്റെ പ്രദേശം എന്ന അര്‍ത്ഥത്തില്‍ തൃക്കൊടുവേലി എന്നായിരുന്നു ആദ്യകാലത്ത് സ്ഥലനാമം. 1882-ല്‍ ദേവസ്വവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധിയെഴുതിയ മദ്രാസ് ഹൈക്കോടതിയിലെ ബ്രട്ടീഷുകാരന്‍ ജഡ്ജിയാണ് തൃക്കൊടുവേലി എന്ന സ്ഥലനാമം തൃക്കടീരി എന്ന് ഉപയോഗിച്ചത്. പിന്നീട് ഈ പേര് പ്രചാരത്തിലാവുകയും അങ്ങനെ തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലുള്ള പ്രദേശം തൃക്കടീരി എന്നറിയപ്പെടുകയുമുണ്ടായി. മൂന്നു മൂര്‍ത്തിഅമ്പലത്തിനോട് ബന്ധപ്പെട്ട പൂരാതനരേഖകളില്‍ തൃക്കൊടുവേലി എന്നുതന്ന ഉപയോഗിച്ചു കാണുന്നു. ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളും പുരാതന ചരിത്രസാമഗ്രികളുമുണ്ട്. മഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഗ്രാമമാണ് തൃക്കടീരി. ദക്ഷിണകാശി എന്ന് പ്രസിദ്ധമായ മൂന്നുമൂര്‍ത്തി ക്ഷേത്രത്തിലുള്ള എട്ടാം നൂറ്റാണ്ടു കാലത്തെ ചുവര്‍ചിത്രങ്ങളും ശില്പങ്ങളും മറ്റുപകരണങ്ങളും ഈ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നു. സവര്‍ണ്ണ നാടുവാഴികളുടെ അധീശത്വം നിലനിന്നിരുന്ന പ്രദേശമാണിവിടം. പഞ്ചായത്തിലെ പല ഭാഗങ്ങളിലും അയിത്തവും ജന്‍മിത്തവും അതോടനുബന്ധിച്ചുണ്ടായ ക്രൂരപീഡനങ്ങളും ശക്തമായി നിലനിന്നിരുന്നുവെങ്കിലും നല്ല ചില സാമൂഹ്യ പ്രവര്‍ത്തനങ്ങളും സവര്‍ണ്ണരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഈ പ്രദേശത്തെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ജന്മി കുടുംബമായിരുന്ന ‘തൃക്കടീരിനായര്‍ വീട്’ വക ഒരു പാഠശാല നടത്തിയിരുന്നു. ഇതാണ് പിന്നീട് മിഷന്‍ സ്കൂള്‍ എന്ന് അറിയപ്പെടുന്ന ഇന്നത്തെ ബി.ഇ.എം.യു.പി.സ്കൂളായി തീര്‍ന്നത്. ദേശീയപ്രസ്ഥാനത്തോടൊപ്പം തന്ന തൃക്കടീരിയില്‍ അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരികയുണ്ടായി. ഇതിന്റെ ഭാഗമായി പി.കെ.ഗോവിന്ദന്‍നായര്‍ ഇവിടെ ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അനൌചാരികവിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള നിശാപാഠശാലാ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ്ണ സാക്ഷരതാപ്രവര്‍ത്തനങ്ങളും ഇവിടെ നടത്തപ്പെട്ടിട്ടുണ്ട്. തൃക്കടീരിയില്‍ ഹിന്ദു-മുസ്ളിം മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു വസിക്കുന്നു. അതുകൊണ്ടു തന്ന സാംസ്കാരികമായും ഈ മതങ്ങള്‍ പരസ്പരം സ്വാധീനിക്കപ്പെടുന്നു. കൊയ്ത്തുത്സവമായ ഓണവും, വിളവിറക്കല്‍ ഉത്സവമായ വിഷുവും ഗ്രാമത്തിന് ഉത്സവപ്രതീതി പകരുന്നു. കാരകളി, തലപന്തുകളി, തുമ്പിതുള്ളല്‍, വില്ലുകൊട്ട്, കുമ്മി, ആട്ടക്കളം എന്നീ നാടന്‍ കലകള്‍ ഇവിടെ നിലനിന്നിരുന്നു. 1991-ല്‍ ഇവിടെയുണ്ടായ സാക്ഷരതാപ്രവര്‍ത്തനം ചില നാടന്‍കലകളെയെങ്കിലും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമായിട്ടുണ്ട്. മുസ്ളീം സമുദായത്തിനിടയില്‍ ഒപ്പനകളി, കൈകൊട്ടിക്കളി, കോല്‍കളി തുടങ്ങിയവ പ്രചാരത്തിലുണ്ടായിരുന്നു. മാങ്ങോട്ട് കാവിലെ പൂരം ഈ ജില്ലയിലെ തന്ന പ്രധാന പൂരങ്ങളിലൊന്നാണ്. ആറംകുന്നത്തുകാവിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള പൊയ്ക്കാളകള്‍ വള്ളുവനാടന്‍ സംസ്കാരത്തിന്റെ തനതുസവിശേഷതയാണ്. ഒരനുഷ്ഠാന കലയായ തിറയും, പൂതനും തൃക്കടീരിയില്‍ അങ്ങിങ്ങായുണ്ട്. മണ്ഡലകാലങ്ങളില്‍ എല്ലായിടത്തും അയ്യപ്പന്‍വിളക്കുകള്‍ നടത്താറുണ്ട്. വിശ്വപ്രസിദ്ധമായ കഥകളി ഉള്‍പ്പെടെയുള്ള ക്ഷേത്രകലാരൂപങ്ങള്‍ തൃക്കടീരിയില്‍ പ്രചാരത്തിലുണ്ട്. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങളും അറബനമുട്ട്, പൂരക്കളി, ചവിട്ടുകളി, പരിചമുട്ടുകളി, കൈകൊട്ടിക്കളി, സോപാനസംഗീതം, ഓട്ടംതുള്ളല്‍, തുടങ്ങിയവയും പ്രചാരത്തിലുണ്ട്. സവര്‍ണ്ണജന്‍മി കുടുംബങ്ങളോടും ആരാധനാലയങ്ങളോടും ബന്ധപ്പെട്ടാണ് പല ശാസ്ത്രീയകലകളും ഇവിടെ വളര്‍ന്നത്. മാങ്ങോട് കേന്ദ്രീകരിച്ചുള്ള രംഗശ്രീ പോലുള്ള കഥകളി ക്ളബും മറ്റും കേരളകലാമണ്ഡലത്തിന്റെയും പ്രസിദ്ധമായ വെള്ളിനേഴി ഒളപ്പമണ്ണ മനയുടെയും സ്വാധീനത്തില്‍ ഉടലെടുത്തതാണ്. സാഹിത്യരംഗത്ത് ഭവത്രാതന്‍ നമ്പൂതിരി, വി.കെ.ഗോവിന്ദന്‍നായര്‍ തുടങ്ങിയ ചുരുക്കം ചില വ്യക്തിത്വങ്ങള്‍ തൃക്കടീരിയില്‍ ഉണ്ടായിരുന്നു. തൃക്കടീരി, വീരമംഗലം എന്നിവിടങ്ങളില്‍ കളരി സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിയുന്നു. സ്വാതന്ത്യ്രത്തിന് മുമ്പു ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷി ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് ആയിരുന്നു. തുടര്‍ന്നുണ്ടായ സമൂലമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷം ഇവിടെ ശക്തി പ്രാപിച്ചു. 1929-ലാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തൃക്കടീരിയില്‍ ആരംഭിക്കുന്നത്. പാറെക്കോട്ട് അപ്പുമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ആദ്യഘടകം രൂപീകരിക്കുന്നതും അക്കാലത്തായിരുന്നു. അതേവര്‍ഷം തന്ന ദേശീയപ്രസ്ഥാനത്തിന്റെ ആഹ്വാനമനുസരിച്ച് ആറ്റാശ്ശേരിയില്‍ കള്ളുഷാപ്പ് പിക്കറ്റിംഗ് നടന്നു. അതോടൊപ്പമാണ് മലബാര്‍ അധ്യാപകപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി തൃക്കടീരിക്കാരനായ ടി.ബാലകൃഷ്ണന്‍ നായര്‍ രംഗത്തെത്തുന്നത്. 1939-ല്‍ തൃക്കടീരി മിഷന്‍ സ്കൂളില്‍ നടന്ന ശനിയന്‍സഭ ബഹിഷ്കരണം വമ്പിച്ച ചലനമുണ്ടാക്കി. തൃക്കടീരിമനയുമായി ബന്ധപ്പെട്ട മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഉത്പതിഷ്ണു ആയിരുന്നു. അപ്ഫന്റെ മകള്‍ എന്ന നോവല്‍ ഇദ്ദേഹമാണ് രചിച്ചത്. മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകത്തില്‍ വി.ടി.യുടെ പ്രേരണയാല്‍ അരങ്ങത്തും സ്ത്രീകഥാപാത്രമായി വേഷമിടുകയുണ്ടായി. തൃക്കടീരി മൂന്നുമൂര്‍ത്തി ക്ഷേത്രത്തിനുള്ളില്‍ ഹരിജനങ്ങളെ ജാഥയായി കൊണ്ടുപോയി കുളിപ്പിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ആ പ്രക്ഷോഭത്തിന് വാപ്പാലകുട്ടിശങ്കരമേനോനും, ടി.ബാലകൃഷ്ണന്‍ നായരുമായിരുന്നു നേതൃത്വം നല്‍കിയത്. 1957-ലെ ഗവണ്‍മെന്റ് ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിന്റെ തൊട്ട് മുമ്പും പിമ്പുമായി കാര്‍ഷികരംഗത്ത് ഉജ്ജ്വലമായ സമരങ്ങള്‍ക്ക് തൃക്കടീരി സാക്ഷ്യം വഹിച്ചു. 1969 കാലത്തും മിച്ചഭൂമി സമരത്തിന്റ ഭാഗമായി തൃക്കടീരിയിലും മറ്റും നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കര്‍ഷക പ്രസ്ഥാനമാണ്. 1963 ഡിസംബറില്‍ നടന്ന ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിവിക് ഫ്രണ്ട് എന്ന ബാനറില്‍ മത്സരിച്ച മുന്നണിയാണ് ഭൂരിപക്ഷം നേടി പഞ്ചായത്ത് ഭരണത്തിലെത്തിയത്. മുപ്പതുകളില്‍ ഗോപാലന്‍നായര്‍ എന്ന വ്യക്തി സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കുവേണ്ടി സ്ഥാപിച്ച പഞ്ചമസ്കൂള്‍, ജാതിചിന്തകള്‍ക്കതീതമായി വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി നടന്ന ആദ്യത്തെ പുരോഗമന നീക്കമായിരുന്നു. മിഡ്ലാന്റ് പ്രദേശമായ തൃക്കടീരിയെ ഭൂപ്രകൃതി അനുസരിച്ച് ഉയര്‍ന്ന സമതലം, താഴ്ന്ന സമതലം, കുന്നിന് പുറം, താഴ്വാരം എന്നിങ്ങനെ നാലായി തരം തിരിക്കാം